ഫ്ലാഷ് ന്യൂസ്

യൂത്ത് ഇന്ത്യ ബഹ്റൈനു പുതിയ സാരഥികള്‍: പ്രസിഡന്റ്‌- സിറാജ് പള്ളിക്കര, വൈസ് പ്രസിഡന്റ്‌- ഫസല്‍ ഇ കെ, ജനറല്‍ സെക്രട്ടറി-മൂസ കെ ഹസന്‍, അസി.സെക്രട്ടറി - മുര്‍ശാദ് വി എന്‍.

Monday, January 31, 2011

യൂത്ത് ഇന്ത്യ ബ്ലോഗേഴ്‌സ് മീറ്റ് ശ്രദ്ധേയമായി

മനാമ: കുഞ്ഞനും തുമ്പിയും നട്ടപ്പിരാന്തും കാവ്യകൈരളിയും ഉമ്മു അമ്മാറുമൊക്കെയായി വിവിധ പേരുകളില്‍ എഴുതുന്ന ബഹ്‌റൈനിലെ ബ്ലോഗര്‍മാരെ ഒരുരു വേദിയിലണിനിരത്തി യൂത്ത് ഇന്ത്യ സംഘടിപ്പിച്ച ബ്ലോഗേഴ്‌സ് മീറ്റ് ശ്രദ്ധേയമായി. പ്രവാസ ഭൂമികയില്‍ നമ്മള്‍ ചെറുപ്പക്കാരുടെ കയ്യൊപ്പ് എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന കാമ്പയിനോടനുബന്ധിച്ച് നടന്ന ബ്ലോഗര്‍മാരുടെ സംഗമം നോവലിസ്റ്റ് ബെന്യാമിന്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് ഇന്ത്യയുടെ ബ്ലോഗിന്റെ പ്രകാശനവും അദ്ദേഹം നിര്‍വഹിച്ചു. ആത്മപ്രകാശനത്തിന്റെ അതിരുകളില്ലാത്ത സ്വാതന്ത്ര്യമാണ് ബ്ലോഗുകള്‍ സാധ്യമാക്കുന്നതെന്ന് ബെന്യാമിന്‍ പറഞ്ഞു. ബ്ലോഗെഴുത്തിനെ ഗൗരവത്തില്‍ സമീപിക്കാന്‍ ബ്ലോഗര്‍മാര്‍ക്ക് കഴിയണം. എഴുത്ത് മാത്രമല്ല അതിനുള്ള പ്രതികരണങ്ങളും ബ്ലോഗില്‍ സ്വതന്ത്രവും തീക്ഷ്ണവുമാണ്. യുദ്ധ കാലത്ത് ബ്ലോഗുകള്‍ എങ്ങിനെ ഉപയോഗിക്കണമെന്ന് യുദ്ധഭൂമിയിലെ യഥാര്‍ത്ഥ സംഭവഗതികള്‍ ലോകത്തോട് വിളിച്ചു പറഞ്ഞ് കൊണ്ട് ഇറാഖിലെ ബ്ലോഗര്‍മാര്‍തെളിയിച്ചു. സമൂഹത്തിന്റെ നന്മക്ക് വേണ്ടിയുള്ള നൂതന മാധ്യമായും പുതിയ രാഷ് ട്രീയ ഇടപെടലുകളുടെ ധീരമായ വേദിയായും ബ്ലോഗിനെ ഉപയോഗിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
ബ്ലോഗിങ്ങിന്റെ സാങ്കേതിക വശങ്ങളെക്കുറിച്ച് രാജു ഇരിങ്ങല്‍ ക്ലാസെടുത്തു. അനില്‍ വേങ്കോട്, സജുകുമാര്‍, പ്രവീണ്‍ കുമാര്‍, മോഹന്‍ പുത്തന്‍ചിറ,ടി.എസ്.നദീര്‍, നജീര്‍,ഷംസ് ബാലുശ്ശേരി, പ്രകാശ് പ്രേരണ, റഷീദ സുബൈര്‍ എന്നിവര്‍ തങ്ങളുടെ ബ്ലോഗുകള്‍ പരിചയപ്പെടുത്തി സംസാരിച്ചു.തുടര്‍ന്ന് സൈബര്‍ എത്തിക്‌സ് എന്ന വിഷയത്തില്‍ ബ്ലോഗര്‍മാരും സാംസ്‌കാരിക പ്രവര്‍ത്തകരും പങ്കെടുത്ത ചര്‍ച്ച നടന്നു.
വി.എ. ബാലക്യഷ്ണന്‍, സി.കെ. ബാബുരാജ്, ഹബീബ് റഹ്മാന്‍ കിഴിശ്ശേരി, അനില്‍ വേങ്കോട്, അഡ്വ.ജലീല്‍, പ്രകാശ് പ്രേരണ, മൊയ്തീന്‍ പാലക്കല്‍, രാജു ഇരിങ്ങല്‍, സി.കെ.ഷാജഹാന്‍ , ഫിറോസ് തിരുവത്ര, പ്രവീണ്‍ കുമാര്‍, ഫാറൂഖ്, സജുകുമാര്‍ ഇ.കെ.സലീം, മുറാദ്, ഹസീബ്, എന്നിവര്‍ പങ്കെടുത്തു. ജമാല്‍ മാട്ടൂല്‍ മോഡറേറ്ററായിരുന്നു. നൈതികതയും സദാചാരവും ജീവിതത്തിന്റെ ഭാഗമായി വ്യക്തികള്‍ അനുഷ്ഠിക്കുകയും പരിശീലിക്കുയും ചെയ്യുമ്പോള്‍ സൈബര്‍ സ്‌പേസിലും അതിന്റെ സ്വാധീനം പ്രകടമാകുമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. മൂല്യങ്ങളെ മുറുകെപ്പിടിക്കുവാനും സാങ്കേതികവിദ്യകളെ കളങ്കരഹിതമായി ഉപയോഗപ്പെടുത്തി നന്മ വളര്‍ത്താനും കമ്പ്യൂട്ടര്‍ ഉപയോക്താക്കള്‍ ജാഗരൂകരാകണമെന്ന് ചര്‍ച്ച ക്രോഡീകരിച്ച് സംസാരിച്ച മോഡറേറ്റര്‍ ജമാല്‍ മാട്ടൂല്‍ പറഞ്ഞു. യൂത്ത് ഇന്ത്യ വൈസ് പ്രസിഡന്റ് എം.എം.സുബൈര്‍ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് സിറാജ് പള്ളിക്കര പരിപാടി നിയന്ത്രിച്ചു. മനാമ യൂണിറ്റ് സെക്രട്ടറി ഷിബ്‌ലി നന്ദി പറഞ്ഞു.

Sunday, January 30, 2011

യുവത ചരിത്ര ദൗത്യമേറ്റെടുക്കണം: മുജീബ് റഹ് മാന്‍


മനാമ: ചരിത്രത്തിന്റെകൈവഴികളില്‍ മാറ്റത്തിന്റെ ചാലകശക്തിയായി വര്‍ത്തിച്ച
യുവത സമകാലിക ലോകത്ത് തങ്ങളുടെ ചരിത്ര ദൗത്യമേറ്റെടുക്കാന്‍ തയ്യാറാകണമെന്ന്
സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.മുജീബ് റഹ്മാന്‍ പറഞ്ഞു. 'പ്രവാസ ഭൂമികയില്‍ നമ്മള്‍ ചെറുപ്പക്കാരുടെ കയ്യൊപ്പ്' എന്ന പ്രമേയത്തില്‍ യൂത്ത് ഇന്ത്യ സംഘടിപ്പിക്കുന്ന പ്രചരണ കാമ്പയിന്റെ ഭാഗമായി നടന്ന യൂത്ത് മീറ്റില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 
യുവതയെ അരാഷ്ട്രീയ വല്‍ക്കരിക്കുകയും ചിന്താപരമായി ഷണ്ഠീകരിക്കുകയും ചെയ്യുന്നശക്തികളെ തിരിച്ചറിയേണ്ടതുണ്ട്. സ്വാതന്ത്ര്യം നേടി പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും കൊടിയ ദാരിദ്ര്യത്തിലും പ്രയാസങ്ങളിലും കഴിയുന്ന ജനകോടികള്‍ക്ക് വിമോചനത്തിന്‍ പ്രതീക്ഷകള്‍ നല്‍കുന്ന പുതിയ നൈതിക രാഷ്ട്രീയം സ്വപ്നം കാണുകയും അത് പുലരാന്‍ വേണ്ടി യുവശക്തി ഉപയോഗിച്ച് കഠിനാധ്വാനം ചെയ്യുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരണത്തിന്റെ ചൂണ്ടുവിരലുകള്‍ തകര്‍ക്കുന്ന സാമ്രാജ്യത്വ തന്ത്രമാണ് മതത്തെ ആരാധനകളില്‍ മാത്രം തളച്ചിട്ട് അതിനെ ചലനരഹിതമാക്കുന്നത്. യുവതയെ നിസ്സംഗമാക്കാനും നിര്‍വീര്യമാക്കാനുമുള്ള ആസൂത്രിത ശ്രമങ്ങളെ തിരിച്ചറിയണം. 
സാങ്കേതിക വിദ്യയുടെ ദുരുപയോഗം സ്യഷ് ടിക്കുന്ന ദുരന്തഫലങ്ങളെക്കുറിച്ച് ബോധവാന്മാരാകണം.  സമരം, സേവനം, പഠനം എന്നീ മേഖലകളില്‍ കേരളത്തില്‍ ചുരുങ്ങിയ പ്രവര്‍ത്തന കാലയളവില്‍ തന്നെ ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തുവാന്‍ ഒരു യുവജന പ്രസ്ഥാനമെന്നെ നിലയില്‍ സോളിഡാരിറ്റിക്ക് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 
മുഹറഖ് അല്‍ ഇസ്വ്‌ലാഹ് ഹാളില്‍ നടന്ന പരിപാടിയില്‍  ജംഇയ്യത്തുല്‍ ഇസ്വ് ലാഹ് യുവജന വിഭാഗം പ്രസിഡന്‍ ജാസിം ബുഹയാല്‍, കെ.ഐ.ജി. പ്രസിഡന്റ് സഈദ് റമദാന്‍ നദ്‌വി എന്നിവര്‍ ആശംസാ പ്രസംഗം നടത്തി.നസീം സബാഹ് ഖുര്‍ആനില്‍ നിന്ന് അവതരിപ്പിച്ചു. യൂത്ത് ഇന്ത്യ പ്രസിഡന്റ് സിറാജ് പള്ളിക്കര അധ്യക്ഷനായിരുന്നു. 
യൂത്ത് ഇന്ത്യ ജനറല്‍ സെക്രട്ടറി മൂസ.കെ.ഹസന്‍ സ്വാഗതവും മുഹറഖ് യൂണിറ്റ് പ്രസിഡന്‍ റ് വി.കെ. നൗഫല്‍ നന്ദിയും പറഞ്ഞു. ഖലീല്‍ പരിപാടി നിയന്ത്രിച്ചു. കെ.ഐ.ജി ജനറല്‍ സെക്രട്ടറി ഹബീബ് റഹ് മാന്‍ കിഴിശ്ശേരി, കാമ്പയിന്‍ ജനറല്‍ കണ്‍ വീനര്‍ എം.എം. സുബൈര്‍,പ്രോഗ്രാം കണ്‍വീനര്‍ ഇ.കെ.സലീം എന്നിവര്‍ സന്നിഹിതരായിരുന്നു.

ജനവിധി അട്ടിമറിക്കാന്‍ കേരളത്തിലും ശ്രമം: പി മുജീബ് റഹ്മാന്‍


മനാമ:ആഗോളീകരണം പോലുള്ള വിഷയങ്ങള്‍ക്കുപകരം വിവാദങ്ങള്‍ ചര്‍ച്ചാവിഷയമാക്കി തെരഞ്ഞെടുപ്പില്‍ ജനവിധി അട്ടിമറിക്കാന്‍ കേരളത്തിലും ശ്രമം നടക്കുന്നതായി സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് പി മുജീബ് റഹ്മാന്‍. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ജനകീയ വികസന സമിതി ഉയര്‍ത്തിയ പ്രശ്‌നാധിഷ്ഠിത നിലപാടിനെ തുരങ്കംവക്കാന്‍ മുസ്‌ലിംലീഗ് മതത്തെയും സമുദായത്തെയും അനാരോഗ്യകരമാം വിധം ഉപയോഗിച്ചു. മതസംഘടനകളെ ഉപയോഗിച്ച് ലീഗ് നടത്തിയ ഈ നീക്കം മറികടക്കാന്‍ സമിതിക്ക് കഴിഞ്ഞില്ല. ജനവിധി അട്ടിമറിക്കാന്‍ വ്യാപകമായി മദ്യവും ഉപയോഗിക്കപ്പെട്ടു. ഓണത്തിനുണ്ടായ വിറ്റുവരവാണ് തെരഞ്ഞെടുപ്പില്‍ ബീവറേജസ് കോര്‍പറഷേനിലുണ്ടായത്. പ്രായോഗിക രാഷ്ട്രീയത്തിന്റെ കാര്യത്തില്‍ കേരളത്തിന്റെ ദുരന്തമാണിതെന്ന് വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.
2005- 07 കാലത്ത് 'ഭീകരവേട്ട' ശക്തിപ്പെടുത്തിയ സമയത്ത് ഒരു വിഭാഗത്തെ പ്രതിസ്ഥാനത്തുനിര്‍ത്തി മാധ്യമങ്ങളടക്കം ഇത് ആഘോഷിക്കുകയായിരുന്നു. ബഹുസ്വരത തകര്‍ത്ത് ഇന്ത്യയെ അസ്ഥിരപ്പെടുത്തി പാക്കിസ്ഥാനിലേതുപോലെ ഇന്ത്യയിലും ഇടപെടാനുള്ള സാമ്രാജ്യത്വ ഗൂഢാലോചനയാണ് ഇതെന്ന് തങ്ങള്‍ അന്നുതന്നെ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, ഒറ്റക്കെട്ടായി നിന്ന് സാമ്രാജ്യത്വനീക്കം പുറത്തുകൊണ്ടുവരുന്നതിനുപകരം ജമാഅത്തെ ഇസ്‌ലാമിയെ നേരിടാനാണ് ലീഗിനകത്തെ ചില ധാരകള്‍ ശ്രമിച്ചത്. സാമ്രാജ്യത്വ ഗൂഢാലോചന ഇന്ന് വെളിപ്പെട്ടെങ്കിലും സത്യം അനാവരണം ചെയ്യാന്‍ മാധ്യമങ്ങള്‍ മടി കാണിക്കുന്നു. പ്രവീണ്‍ സ്വാമിയെപ്പോലെ 'സ്‌റ്റോറി'കള്‍ മെനയാനാണ് ശ്രമം. സമൂഹത്തില്‍ ഒരു വിഭാഗത്തിനെതിരെ അവിശ്വാസം വളര്‍ത്തുന്നതിന്റെ പ്രത്യാഘാതം മുന്‍കൂട്ടി കാണാന്‍ മാധ്യമങ്ങള്‍ക്ക് കഴിഞ്ഞില്ല.
കേരളത്തില്‍ സമീപകാലത്തുണ്ടായ ജനകീയ സമരങ്ങള്‍ക്ക് വിജയകരമായ പരിണതിയാണുണ്ടായതെന്ന് പറയാനാകില്ല. പദ്ധതികളുടെ ഭാഗമായി കുടിയിറക്കപ്പെട്ടവരെ ന്യായമായി പുനരധിവസിപ്പിച്ചിട്ടില്ല. വല്ലാര്‍പാടം പദ്ധതിക്കുവേണ്ടി കുടിയൊഴിപ്പിക്കപ്പെട്ട 20ലേറെ കുടുംബങ്ങള്‍ മൂന്നുവര്‍ഷമായി ദുരിതത്തിലാണ്.ഏഴിമല നാവിക അക്കാദമി, നെടുമ്പാശ്ശേരി വിമാനത്താവളം തുടങ്ങിയ പദ്ധതികളുടെയും സ്ഥിതി ഇതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സാമൂഹിക ആവശ്യത്തിന് ഭൂമി വിട്ടുകൊടുക്കാന്‍ കേരളത്തിലെ ജനങ്ങള്‍ തയാറാണ്. എന്നാല്‍ അവര്‍ക്ക് തൃപ്തികരമായ പുനരധിവാസം ഉറപ്പുനല്‍കാന്‍ ഭരണകൂടങ്ങള്‍ക്ക് കഴിയുന്നില്ല. പദ്ധതികളുടെ ബജറ്റില്‍ ഇക്കാര്യം ഉള്‍പ്പെടുത്താറില്ല.
ജനകീയ സമരങ്ങളിലെ ഫണ്ടിംഗിനെക്കുറിച്ചും മറ്റും സോളിഡാരിറ്റിക്ക് വ്യക്തമായ തിരിച്ചറിവുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സോളിഡാരിറ്റി വിദേശ ഫണ്ട് സ്വീകരിക്കാറില്ല.
കേരളത്തില്‍ ഇടതുപക്ഷത്തിന്റെ ഇടമാണോ സോളിഡാരിറ്റി നേടിയെടുക്കുന്നതെന്നചോദ്യത്തിന്, സാമ്രാജ്യത്വ- മുതലാളിത്ത വിരുദ്ധത, വര്‍ഗീയത ഫാഷിസത്തിനെതിരായ നിലപാട് തുടങ്ങിയ കാര്യങ്ങളിലെ സമാനതകളാകാം ഈയൊരു താരതമ്യത്തിനിടയാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
'പ്രവാസഭൂമികയില്‍ നമ്മള്‍ ചെറുപ്പക്കാരുടെ കൈയൊപ്പ്' എന്ന പ്രമേയത്തില്‍ ഈ മാസം 20 മുതല്‍ ഫെബ്രുവരി 20 വരെ യൂത്ത് ഇന്ത്യ നടത്തുന്ന കാമ്പയിനില്‍ വിജ്ഞാനം, കല, സേവനം എന്നീ മേഖലകളില്‍ നിരവധി പരിപാടികള്‍ നടത്തുമെന്ന് പ്രസിഡന്റ് സിറാജ് പള്ളിക്കര പറഞ്ഞു. രക്തനിര്‍ണയ- മെഡിക്കല്‍ ക്യാമ്പുകള്‍, ലേബര്‍ ക്യാമ്പുകളില്‍ ആരോഗ്യബോധവത്കരണ പരിപാടി, യൂത്ത് ഫെസ്റ്റ് എന്നിവ സംഘടിപ്പിക്കും. യൂത്ത് ഫെസ്റ്റില്‍ ഫെബ്രുവരി ആദ്യവാരം കഥ, കവിത, പ്രബന്ധ രചനാമല്‍സരങ്ങള്‍ നടക്കും. തുടര്‍ന്ന് കാവ്യാലാപനം, മാപ്പിളപ്പാട്ട്, മൈം, മോണോ ആക്റ്റ്, ലളിതഗാന മല്‍സരങ്ങള്‍. ഫെബ്രുവരി 18ന് നാദിര്‍ അബ്ദുസ്സലാം, സിദ്‌റതുല്‍ മുന്‍തഹ, അസ്‌ലം മജീദ് എന്നിവരുടെ സംഗീതപരിപാടി.
വാര്‍ത്താസമ്മേളനത്തില്‍ യൂത്ത് ഇന്ത്യ സെക്രട്ടറി മൂസ കെ ഹസന്‍, കെ.ഐ.ജി പ്രസിഡന്റ് സഈദ് റമദാന്‍ നദ്‌വി, ജനറല്‍ സെക്രട്ടറി ഹബീബുറഹ്മാന്‍ കിഴിശ്ശേരി, ജനറല്‍ കണ്‍വീനര്‍ എം.എം സുബൈര്‍, പ്രോഗ്രാം കണ്‍വീനര്‍ ഇ.കെ സലിം എന്നിവരും പങ്കെടുത്തു.